Month: ആഗസ്റ്റ് 2022

പറഞ്ഞറിയിക്കാനാവാത്ത സമ്പത്ത്

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ഭ്രമണപഥത്തിൽ കോടാനുകോടി ഡോളർ വിലമതിക്കുന്ന ഒരു ഛിന്നഗ്രഹം കറങ്ങിക്കൊണ്ടിരിക്കുന്നു. ശാസ്ത്രജ്ഞർ പറയുന്നത്, 16 സൈക്കി എന്ന ഈ ഗ്രഹം, കണക്കാക്കാൻ കഴിയാത്തത്ര വിലമതിക്കുന്ന സ്വർണ്ണം, ഇരുമ്പ്, നിക്കൽ, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളഉടെ കലവറയാണ്. ഇപ്പോൾ, ഈ സമ്പത്തു ഖനനം ചെയ്യാൻ ഭൂവാസികൾ ശ്രമിക്കുന്നില്ലെങ്കിലും വിലയേറിയ പാറകളെക്കുറിച്ച് പഠിക്കാൻ ഒരു പര്യവേഷണ വാഹനം അയയ്ക്കുന്നതിന് അമേരിക്ക പദ്ധതിയിടുന്നു.

കൈയെത്തുന്നതിനപ്പുറത്തുള്ള പറഞ്ഞറിയിക്കാനാവാത്ത സമ്പത്തിനെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ കൊതിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. തീർച്ചയായും കാലക്രമേണ ആളുകൾ നിധി കണ്ടെടുക്കുന്നതിനായി 16 സൈക്കിയിലെത്തിച്ചേർന്നേക്കാം.

എന്നാൽ നമ്മുടെ പരിധിയിലുള്ള സമ്പത്ത് കണ്ടെടുക്കുന്നതിനെക്കുറിച്ചെന്തു പറയും? എല്ലാവരും അതിനു പോകില്ലേ? റോമിലെ ഒന്നാം നൂറ്റാണ്ടിലെ സഭയ്ക്ക് എഴുമ്പോൾ അപ്പൊസ്തലനായ പൗലൊസ്, ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നമുക്കു കൈപ്പിടിയിലൊതുക്കാവുന്ന സമ്പത്തിനെക്കുറിച്ച് സംസാരിച്ചു. അവൻ എഴുതി, “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!’’ (റോമർ 11:33). ബൈബിൾ പണ്ഡിതനായ ജെയിംസ് ഡെന്നി ഈ സമ്പത്തിനെ 'ലോകത്തിന്റെ (വലിയ ആവശ്യങ്ങൾ) നിറവേറ്റുന്നതിനു ദൈവത്തെ പ്രാപ്തനാക്കുന്ന സ്‌നേഹത്തിന്റെ ഗ്രഹിക്കാനാവാത്ത സമ്പത്ത്' എന്നാണ്

അതല്ലേ നമുക്ക് വേണ്ടത്? ഏതോ വിദൂര ഛിന്നഗ്രഹത്തിൽ നിന്നുള്ള സ്വർണ്ണക്കട്ടികളേക്കാൾ കൂടുതൽ? പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതുപോലെ, തിരുവെഴുത്തുകളിൽ കാണുന്ന ദൈവത്തിന്റെ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും സമ്പത്ത് നമുക്കു ഖനനം ചെയ്യാൻ കഴിയും. ആ ഐശ്വര്യങ്ങൾ കുഴിച്ചെടുക്കാനും അവനെ കൂടുതൽ അറിയാനും നിധിപോലെ കരുതാനും ദൈവം നമ്മെ നയിക്കട്ടെ.

ഉറച്ചു നിൽക്കുക

ഇന്ത്യയുടെ ചരിത്രത്തിൽ സ്ത്രീകൾക്കെതിരായ നിരവധി കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ അവഗണിക്കപ്പെട്ടിരുന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഒരു പുതിയ വിശ്വാസിയായ പണ്ഡിത രമാഭായി, ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനു പകരം തന്റെ വിശ്വാസം പ്രകടിപ്പിക്കാനും ആര്യ മഹിളാ സമാജ് എന്ന പ്രസ്ഥാനം ആരംഭിച്ച് പ്രശ്‌നത്തെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാനും തീരുമാനിച്ചു. നിരവധി പ്രതിബന്ധങ്ങളും ഭീഷണികളും നേരിട്ടിട്ടും അവർ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിമോചനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ചു. അവൾ ഒരിക്കൽ പറഞ്ഞതുപോലെ, “ദൈവത്തിനു പൂർണ്ണമായും സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തിന് ഭയപ്പെടാനൊന്നുമില്ല, നഷ്ടപ്പെടാനൊന്നുമില്ല, പശ്ചാത്തപിക്കാനൊന്നുമില്ല.’’

പേർഷ്യയിലെ രാജ്ഞിയായ എസ്ഥേർ, തന്റെ ജനതയെ വംശഹത്യ ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമത്തിനെതിരെ സംസാരിക്കാൻ മടിച്ചപ്പോൾ, അവൾ മിണ്ടാതിരുന്നാൽ അവളും അവളുടെ കുടുംബവും നശിച്ചുപോകുമെന്ന് അമ്മാവൻ മുന്നറിയിപ്പ് നൽകി (എസ്ഥേർ 4:13-14). ധീരത പുലർത്താനും നിലപാടെടുക്കാനുമുള്ള സമയമാണിതെന്ന് അറിയാമായിരുന്ന മൊർദെഖായി ചോദിച്ചു, “ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?’’ (വാ. 14). നാം വിളിക്കപ്പെടുന്നത് അനീതിക്കെതിരെ ശബ്ദമുയർത്താനായാലും, അല്ലെങ്കിൽ നമ്മെ വിഷമിപ്പിച്ച ആരോടെങ്കിലും ക്ഷമിക്കുന്നതിനായാലും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ദൈവം നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ലെന്ന് ബൈബിൾ ഉറപ്പു നൽകുന്നു (എബ്രായർ 13:5-6). നമുക്ക് ഭയം തോന്നുന്ന നിമിഷങ്ങളിൽ സഹായത്തിനായി നാം ദൈവത്തിലേക്കു നോക്കുമ്പോൾ, നമ്മുടെ ദൗത്യം പൂർത്തീകരിക്കുന്നതിനായി അവൻ നമുക്കു “ശക്തിയും സ്‌നേഹവും സ്വയ-ശിക്ഷണവും’’ നൽകും (2 തിമൊഥെയൊസ് 1:7).

താഴ്മയാണ് സത്യം

താഴ്മയെ ദൈവം ഇത്രയധികം വിലമതിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു ദിവസം ചിന്തിച്ചുകൊണ്ടിരുന്ന, പതിനാറാം നൂറ്റാണ്ടിലെ ഒരു വിവിശ്വാസിയായിരുന്ന അവിലയിലെ തെരേസയ്ക്ക്‌ പെട്ടെന്ന് ഉത്തരം മനസ്സിലായി: “അതിനു കാരണം, ദൈവമാണ് പരമമായ സത്യം, താഴ്മയാണ് സത്യം . . . . നമ്മിലുള്ള നല്ലതൊന്നും നമ്മിൽ നിന്ന് ഉത്ഭവിക്കുന്നില്ല. മറിച്ച്, നദിക്കരയിലെ വൃക്ഷംപോലെ, നമ്മുടെ ആത്മാവ് ഏതിന്റെ തീരത്താണോ നട്ടിരിക്കുന്നത്, ആ കൃപയുടെ നദിക്കരയിൽ നട്ടുപിടിപ്പിച്ച ഒരു വൃക്ഷം പോലെ ആത്മാവ് നിലനിൽക്കുന്ന കൃപയുടെ ജലത്തിൽ നിന്നും നമ്മുടെ പ്രവൃത്തികൾക്ക് ജീവൻ നൽകുന്ന സൂര്യനിൽ നിന്നും വരുന്നു.’’ ആ യാഥാർത്ഥ്യത്തിൽ നാം സ്വയം നങ്കൂരമിടുന്നത് പ്രാർത്ഥനയിലൂടെയാണെന്ന് തെരേസ ഉപസംഹരിച്ചു, കാരണം 'പ്രാർത്ഥനയുടെ മുഴുവൻ അടിസ്ഥാനവും താഴ്മയാണ്. പ്രാർത്ഥനയിൽ നാം എത്രമാത്രം താഴ്മയുള്ളവരാകുന്നുവോ അത്രയധികം ദൈവം നമ്മെ ഉയർത്തും.

താഴ്മയെക്കുറിച്ചുള്ള തെരേസയുടെ വാക്കുകൾ, യാക്കോബ് 4 ലെ തിരുവെഴുത്തുകളുടെ ഭാഷയെ പ്രതിധ്വനിപ്പിക്കുന്നു. അവിടെ ദൈവകൃപയിൽ ആശ്രയിച്ചു ജീവിക്കുന്ന ജീവിതത്തിന്റെ വിപരീതമായ നിഗളത്തിന്റെയും സ്വാർത്ഥമോഹത്തിന്റെയും സ്വയ-നശീകരണ സ്വഭാവത്തെക്കുറിച്ച് യാക്കോബ് മുന്നറിയിപ്പു നൽകുന്നു (വാ. 1-6). അത്യാഗ്രഹം, മോഹഭംഗം, നിരന്തരമായ കലഹം എന്നിവ നിറഞ്ഞ ജീവിതത്തിനുള്ള ഏക പരിഹാരമായി അവൻ പറയുന്നത്, നമ്മുടെ നിഗളത്തെക്കുറിച്ച് അനുതപിക്കുകയും പകരം ദൈവകൃപ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. അല്ലെങ്കിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “അവൻ നിങ്ങളെ ഉയർത്തും’’ എന്ന ഉറപ്പോടെ “കർത്താവിന്റെ സന്നിധിയിൽ താഴുവിൻ’’ എന്നതാണ് (വാ. 10).

കൃപയുടെ ജലാന്തികെ നാം വേരൂന്നിയിരിക്കുമ്പോൾ മാത്രമേ 'ഉയരത്തിൽനിന്നുള്ള ജ്ഞാനത്താൽ' നാം പോഷിപ്പിക്കപ്പെടുകയുള്ളൂ (3:17). അവനിൽ മാത്രമേ നമുക്കു സത്യത്താൽ ഉയർത്തപ്പെടാൻ കഴിയൂ.

ശരിയായ പാതകൾ തിരിച്ചറിയുക

പതിനാറുകാരനായ ബ്രസീലിയൻ സ്‌കേറ്റ്‌ബോർഡർ ഫെലിപ്പ് ഗുസ്താവോ 'ഭൂമിയിലെ ഏറ്റവും ഐതിഹാസിക സ്‌കേറ്റ്‌ബോർഡർമാരിൽ ഒരാളായി' മാറുമെന്ന് ആരും വിശ്വസിക്കുമായിരുന്നില്ല. ഗുസ്താവോയുടെ പിതാവ് തന്റെ മകൻ പ്രൊഫഷണൽ സ്‌കേറ്റിംഗ് സ്വപ്‌നം പിന്തുടരേണ്ടവനാണെു് വിശ്വസിച്ചുവെങ്കിലും അതിനുള്ള പണം തന്റെ പക്കൽ ഇല്ലായിരുന്നു. അതിനാൽ പിതാവ് അവരുടെ കാർ വിറ്റ് മകനെ ഫ്‌ളോറിഡയിലെ ഒരു പ്രശസ്ത സ്‌കേറ്റിംഗ് മത്സരത്തിനു കൊണ്ടുപോയി. ഗുസ്താവോയെക്കുറിച്ച് ആരും കേട്ടിരുന്നില്ല. . . അവൻ ജയിക്കുന്നതുവരെ. വിജയം അവനെ ഒരു അത്ഭുതകരമായ കരിയറിൽ എത്തിച്ചു.

ഗുസ്താവോയുടെ പിതാവിന് മകന്റെ ഹൃദയവും അഭിനിവേശവും കാണാനുള്ള കഴിവുണ്ടായിരുന്നു. ഗുസ്താവോ പറഞ്ഞു, “ഞാൻ ഒരു പിതാവാകുമ്പോൾ, എന്റെ പിതാവ് എനിഎനിക്ക് ആയിരുന്നതിന്റെ 5 ശതമാനം പോലുമെങ്കിലും ആകാൻ ഞാൻ ആഗ്രഹിക്കുന്നു.’’

അവരുടെ ഹൃദയം, ഊർജം, വ്യക്തിത്വം എന്നിവ ദൈവം രൂപപ്പെടുത്തിയിരിക്കുന്ന അതുല്യമായ രീതി വിവേചിച്ചറിയുന്നതിനും എന്നിട്ട് അവർ ആയിത്തീരണമെന്നു ദൈവം ആഗ്രഹിക്കുന്ന പാതയിൽ അവർ എത്തിച്ചേരുന്നതിനും മക്കളെ സഹായിക്കാൻ മാതാപിതാക്കൾക്കു ലഭിച്ചിരിക്കുന്ന അവസരത്തെക്കുറിച്ചു സദൃശവാക്യങ്ങൾ വിവരിക്കുന്നു  “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല’’ (22:6) എഴുത്തുകാരൻ പറയുന്നു.

നമുക്ക് വിശാലമായ വിഭവങ്ങളോ അഗാധമായ അറിവോ ഇല്ലായിരിക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ ജ്ഞാനവും (വാ. 17-21) നമ്മുടെ ശ്രദ്ധാപൂർവമായ സ്‌നേഹവും ഉപയോഗിച്ച്, നമ്മുടെ സ്വാധീനവലയത്തിനുള്ളിലെ നമ്മുടെ കുട്ടികൾക്കും മറ്റു കുട്ടികൾക്കും ഒരു വലിയ സമ്മാനം നൽകാൻ കഴിയും. ദൈവത്തിൽ ആശ്രയിക്കാനും ജീവിതകാലം മുഴുവൻ അവർക്ക് പിന്തുടരാനാകുന്ന പാതകൾ വിവേചിച്ചറിയാനും നമുക്ക് അവരെ സഹായിക്കാൻ കഴിയും (3:5-6).

ഉപേക്ഷിക്കാനുള്ള ശക്തി

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ വെയ്റ്റ് ലിഫ്റ്റർ പോൾ ആൻഡേഴ്‌സൺ, 1956 ൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഒളിമ്പിക്‌സിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. ചെവിയിലെ കഠിനമായ ആന്തരിക അണുബാധയും 103 ഡിഗ്രി പനിയും സഹിച്ചുകൊണ്ടാണ് അദ്ദേഹമിതു നേടിയത്. മുൻനിര താരങ്ങൾക്ക് പിന്നിലായിപ്പോയ അദ്ദേഹത്തിന്, തന്റെ അവസാന മത്സരത്തിൽ ഒരു പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിക്കുക എന്നതു മാത്രമായിരുന്നു സ്വർണ്ണ മെഡലിനുള്ള ഏക അവസരം. അദ്ദേഹത്തിന്റെ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.

അങ്ങനെ, നമ്മുടെ ഇടയിലെ ഏറ്റവും ദുർബലർക്കു പോലും ചെയ്യാൻ കഴിയുന്നത് ബേർലി അത്‌ലറ്റ് ചെയ്തു. സ്വന്തം ശക്തിയെ ഉപേക്ഷിച്ച് അധിക ശക്തിക്കായി അവൻ ദൈവത്തെ വിളിച്ചു. അദ്ദേഹം പിന്നീട് പറഞ്ഞതുപോലെ, “അതൊരു വിലപേശൽ ആയിരുന്നില്ല. എനിക്കു സഹായം ആവശ്യമായിരുന്നു.’’ തന്റെ അവസാന ലിഫ്റ്റിൽ, അവൻ തലയ്ക്ക് മുകളിൽ 413.5 പൗണ്ട് (187.5 കിലോഗ്രാം) ഉയർത്തി.

ക്രിസ്തുവിന്റെ അപ്പൊസ്തലനായ പൗലൊസ് എഴുതി, “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു’’ (2 കൊരിന്ത്യർ 12:10). ആത്മീയ ശക്തിയെക്കുറിച്ചാണ് പൗലൊസ് സംസാരിക്കുന്നത്, എന്നാൽ ദൈവത്തിന്റെ ശക്തി “ബലഹീനതയിൽ തികഞ്ഞുവരുന്നു’’ (വാ. 9) അവനറിയാമായിരുന്നു.

പ്രവാചകനായ യെശയ്യാവ് പ്രഖ്യാപിച്ചതുപോലെ, “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു’’ (യെശയ്യാവ് 40:29).

അത്തരമൊരു ശക്തിയിലേക്കുള്ള വഴി എന്തായിരുന്നു? യേശുവിൽ വസിക്കുക എന്നതാണത്. “എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‌വാൻ കഴികയില്ല,’’ അവൻ പറഞ്ഞു (യോഹന്നാൻ 15:5). വെയ്റ്റ് ലിഫ്റ്റർ ആൻഡേഴ്‌സൺ പലപ്പോഴും പറഞ്ഞതുപോലെ, “യേശുക്രിസ്തുവിന്റെ ശക്തിയില്ലാതെ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന് ഒരു ദിവസം പോലും കടന്നുപോകാൻ കഴിയില്ലെങ്കിൽ - നിങ്ങളുടെ അവസ്ഥ എന്താണ്?’’ അതു കണ്ടെത്തുന്നതിന്, ശക്തവും നിലനിൽക്കുന്നതുമായ സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമ്മുടെ സ്വന്തം മിഥ്യാശക്തിയെ ആശ്രയിക്കുന്നത് ഒഴിവാക്കാം.